ഷെവ. ബെന്നി പുന്നത്തറ
1980-കളില്‍ കേരളസഭയില്‍ വ്യാപകമായിത്തീര്‍ന്ന കരിസ്മാറ്റിക് നവീകരണം വിശ്വാസത്തിന്റെ ഉണര്‍വ്വിലേക്കും ദൈവവചനത്തിന്റെ ശക്തിയിലേക്കും ജീവിതനവീകരണത്തിലേക്കും പതിനായിരങ്ങളെ ആകര്‍ഷിച്ചപ്പോള്‍ ആ നവീകരണ മുന്നേറ്റത്തെ വഴി തെറ്റാതെ മുന്നോട്ടു നയിക്കുന്നതിന് നേതൃത്വം കൊടുത്തവരില്‍ പ്രധാനിയാണ് വര്ക്കിയച്ചന്.
വികാരപ്രകടനങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കാതെ, പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളോടു വിധേയപ്പെട്ടുകൊണ്ട്, സഭാകേന്ദ്രീകൃതമായ ഒരു ആത്മീയ നവോത്ഥാനത്തിന് അദ്ദേഹം വഴികാട്ടിയായിത്തീര്‍ന്നു. ഭൗതികസമൃദ്ധിയില്‍ ജനം ദൈവത്തെ മറക്കുന്നു എന്നത് അദ്ദേഹത്തിന്റെ ഒരു വേദന ആയിരുന്നു. ഇല്ലായ്മയുടെ നാളുകളില്‍ ദൈവത്തെ മുറുകെപ്പിടിച്ചു മുന്നേറിയ കുടിയേറ്റ ജനത, സമൃദ്ധിയുടെ നാളുകളില്‍ ദൈവത്തെ മറന്നാല്‍ എല്ലാ പുരോഗതിയും അര്‍ത്ഥശൂന്യമായിത്തീരും. അതുണ്ടാകാതിരിക്കാന്‍ ജനത്തെ ഏതു വിധേനയും ആത്മീയ ഉണര്വുള്ളവരാക്കിത്തീര്ക്കണം. ഈ ഏക ലക്ഷ്യത്തോടെയാണ് അദ്ദേഹം കുളത്തുവയല്‍ നിര്‍മ്മലാ റിട്രീറ്റ് സെന്ററിന് രൂപം നല്കിയതും വചനപ്രഘോഷണശുശ്രൂഷയിലേക്ക് മുഴുവന്‍ സമയവും സമര്പ്പിതനായതും. ആത്മാക്കളെക്കുറിച്ചുള്ള ഒരു ഭാരം, ജനത്തെ ഏതുവിധേനയും സഹായിക്കാനുള്ള ഉത്ക്കടമായ അഭിവാഞ്ച ഇതൊക്കെയായിരുന്നു മോണ്‍. സി ജെ വര്‍ക്കിയച്ചന്റെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ പിന്നിലെ പ്രേരകശക്തി.
മലബാറിലെ അസൗകര്യങ്ങള്‍ നിറഞ്ഞ, യാത്രാ പരിമിതികളുള്ള ഇടവകകളില്‍ ആരംഭിച്ച വര്‍ക്കിയച്ചന്റെ വചനപ്രഘോഷണശുശ്രൂഷ ക്രമേണ ഇന്ത്യ മുഴുവനിലേക്കും പിന്നീട് യൂറോപ്പ് - അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. അനേകായിരങ്ങള്‍ അവയിലൂടെ ഇന്നും ജീവിക്കുന്ന ഒരു ദൈവത്തെ കണ്ടുമുട്ടി. നിരവധി കുടുംബങ്ങള്‍ തകര്‍ച്ചയില്‍നിന്നും വീണ്ടെടുക്കപ്പെട്ടു. ആദ്ധ്യാത്മികതയുടെ ആഴങ്ങളിലേക്ക് അനേകരെ വര്ക്കിയച്ചന് കൈപിടിച്ചുയര്‍ത്തി. ധാരാളം രോഗശാന്തികളും അടയാളങ്ങളും അത്ഭുതങ്ങളും അദ്ദേഹത്തിന്റെ ശുശ്രൂഷയെ അകമ്പടി സേവിച്ചിരുന്നെങ്കിലും അച്ചന് അതിനൊന്നും അമിതമായ പ്രചാരണം കൊടുത്തിരുന്നില്ല. യേശുവിനെ മുന്നില്‍ ഉയര്‍ത്തി നിര്‍ത്തിക്കൊണ്ട് പിന്നിലേക്ക് മറഞ്ഞിരിക്കാന്‍ വെമ്പിയ ഒരു കര്തൃദാസന് മാത്രമായിരുന്നു അദ്ദേഹം.
കരിസ്മാറ്റിക് നവീകരണ മുന്നേറ്റ ശുശ്രൂഷയുടെ ദേശീയ, കേരള സേവനസമിതികളില് പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹമാണ് വൈകാരിക മുറിവുകളുടെ സൗഖ്യത്തെ ലക്ഷ്യമാക്കി ആന്തരികസൗഖ്യധ്യാനം എന്ന പ്രത്യേക ധ്യാനരീതിക്ക് ആരംഭം കുറിച്ചത്. പരിശുദ്ധാത്മാവിന്റെ വരദാനങ്ങളെക്കുറിച്ച് പ്രായോഗികമായ അറിവുകള്‍ പകരാന്‍ വരദാനവളര്ച്ചാ ധ്യാനത്തിനു രൂപം നല്കിയ വര്‍ക്കിയച്ചനാണ് കേരളത്തില്‍ 1984-ല്‍ ആദ്യമായി രോഗശാന്തി ശുശ്രൂഷകള്‍ ആരംഭിച്ചതും.
മോണ്‍. സി. ജെ വര്‍ക്കിയച്ചന്റെ സവിശേഷമായ ശ്രദ്ധ പതിഞ്ഞ മറ്റൊരു മേഖലയാണ് മാധ്യമങ്ങളിലൂടെയുള്ള പ്രേഷിതശുശ്രൂഷ. താന്‍ വായിക്കുന്ന നല്ല ഇംഗ്ലിഷ് പുസ്തകങ്ങളെല്ലാം വിവര്‍ത്തനം ചെയ്തു മലയാളത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ അച്ചന് വലിയ ഉത്സാഹമായിരുന്നു. എം എസ് എം ഐ സിസ്റ്റേഴ്സിലൂടെയും ശാലോമിലൂടെയും പ്രസിദ്ധീകരിക്കപ്പെട്ട നിരവധി പുസ്തകങ്ങളുടെ പിന്നില്‍ അച്ചന്റെ പ്രേരണയാണുണ്ടായിരുന്നത്.
പെരുവണ്ണാമൂഴി എന്ന കുഗ്രാമത്തില്‍നിന്നും ഏഷ്യയിലെ ഏറ്റവും ആദ്യത്തെ ക്രൈസ്തവ സാറ്റ്ലൈറ്റ് ടി വി ചാനലായ ശാലോം ടി വി ജന്മം കൊണ്ടതിനു പിന്നിലും അച്ചന്റെ പൈതൃകമായ സംരക്ഷണയും മാര്ഗ്ഗദര്ശിത്വവുമാണ് ഉണ്ടായിരുന്നത്. സണ്‍ഡേ ശാലോം പത്രം, ശാലോം മാസിക ഇവയെല്ലാം അച്ചന്റെ പ്രോത്സാഹനത്തിലൂടെ ആരംഭിച്ചു വളര്‍ന്ന ശുശ്രൂഷകളാണ്. മോണ്‍. സി. ജെ വര്‍ക്കി എന്ന ആ വലിയ മനുഷ്യന്റെ ദീര്‍ഘദര്‍ശിത്വവും വഴികാണിക്കലും ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപിച്ചു കഴിഞ്ഞ ശാലോം മീഡിയ എന്ന മാധ്യമ ശുശ്രൂഷ ഉണ്ടാകുമായിരുന്നില്ല.
കുളത്തുവയല്‍ എന്ന ഒരു കുഗ്രാമത്തിലിരുന്നുകൊണ്ട് ലോകം മുഴുവനെയും ആശ്ലേഷിച്ച വര്ക്കിയച്ചന് തന്റെ ചുറ്റുപാടുകളുടെ പരിമിതികളെ പ്രാര്‍ത്ഥനകൊണ്ടും വിശ്വാസംകൊണ്ടും അതിജീവിച്ച കര്‍മ്മയോഗിയും ധ്യാനയോഗിയുമാണ്- സാധ്യമായ വിധത്തിലെല്ലാം ആത്മാക്കളെ സഹായിക്കുക- അതായിരുന്നു, അതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ ഹൃദയാഭിലാഷം.