മാര്‍ ജോസഫ് പാംപ്ലാനി

സി. ജെ. വര്‍ക്കിയച്ചന്റെ ജന്മശതാബ്ദി കേരളസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. നാമകരണത്തിന്റെ നൈയാമിക നടപടികള്‍ ആരംഭിച്ചിട്ടില്ലെങ്കിലും ജനഹൃദയങ്ങളില്‍ സി. ജെ. വര്‍ക്കിയച്ചന്‍ എന്നേ വിശുദ്ധനാണ്. ഫലത്തില്‍നിന്നു വൃക്ഷത്തെ തിരിച്ചറിയാം എന്ന ക്രിസ്തുവചനം ആധാരമാക്കി ചിന്തിച്ചാല്‍ വര്‍ക്കിച്ചന്‍ പറുദീസായില്‍ ദൈവം നട്ട ജീവന്റെ വൃക്ഷമായിരുന്നു എന്നു വ്യക്തമാകും. സഭയേല്പിച്ച സര്‍വ്വദൗത്യങ്ങളും അന്യൂനമായ വിശ്വസ്തതയോടും അവികലമായ ആത്മാര്‍ത്ഥതയോടെയും അച്ചന്‍ നിറവേറ്റി എന്നതുതന്നെ ആ ജീവന്റെ വൃക്ഷം ആറ്റുതീരത്തെ ഇലകൊഴിയാത്ത മരമായിരുന്നു എന്നതിന്റെ സാക്ഷ്യമാണ്.

1921 ജൂണ്‍ 11-ാം തിയ്യതി വി. ബര്‍ണബാസിന്റെ തിരുനാളില്‍ അവിഭക്ത ചങ്ങനാശ്ശേരി രൂപതയിലെ വലവൂര്‍ ഗ്രാമത്തില്‍ (ഇന്നത്തെ പാലാ രൂപത) കുഴിക്കുളത്തില്‍ ജോസഫ്-അന്നമ്മ ദമ്പതിമാരുടെ എട്ടുമക്കളില്‍ ഏഴാമനായാണ് വര്‍ക്കിയച്ചന്റെ ജനനം. മിഷനറിയാകാനുള്ള തീക്ഷ്ണത കൊണ്ടാണ്. മലബാറില്‍ അന്ന് നിലവിലുണ്ടായിരുന്ന ഏക രൂപതയായ കോഴിക്കോട് രൂപതയില്‍ ചേര്‍ന്ന് വൈദിക പഠനം ആരംഭിച്ചത്. 1947 മാര്‍ച്ച് 16-ാം തിയ്യതി, വരാപ്പുഴ മെത്രാപ്പോലിത്തയായിരുന്ന ഡോ. ജോസഫ് അട്ടിപ്പേറ്റി പിതാവില്‍ നിന്നു പട്ടം സ്വീകരിച്ച വര്‍ക്കിയച്ചന്‍ മലബാറിന്റെ മലമടക്കു കളില്‍ തന്റെ അജപാലനശുശ്രൂഷ ആരംഭിച്ചു. 1953 ല്‍ തലശ്ശേരി അതിരൂപത ആരംഭിച്ചപ്പോള്‍ ഇല്ലായ്മകള്‍ മാത്രം സ്വന്തമായുണ്ടായിരുന്ന പുതിയ രൂപതയില്‍ അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവിനോടൊപ്പം അച്ചന്‍ തന്റെ അജപാലന ശുശ്രൂഷയുടെ പുതിയ മേച്ചില്‍പ്പുറം കണ്ടെത്തി. മാനന്തവാടി, പേരാവൂര്‍, എടൂര്‍, കുളത്തുവയല്‍ ഇടവകകളില്‍ അച്ചന്‍ അനുഷ്ടിച്ച ത്യാഗപൂര്‍ണ്ണമായ സേവനങ്ങള്‍ കുടിയേറ്റ ജനതയുടെ സഭാജീവിതത്തിന് അടിത്തറ പാകാന്‍ പര്യാപ്തമായിരുന്നു.

വര്‍ക്കിയച്ചന്റെ ആത്മീയപൈതൃകത്തില്‍ ആരംഭിച്ച കുള ത്തുവയല്‍ നിര്‍മ്മലാ ധ്യാനകേന്ദ്രവും വിമലമേരി സന്ന്യാസിനീസമൂഹവും ''ശാലോം'' മാധ്യമപ്രസ്ഥാനവും ഇന്നു ലോകത്തിന്റെ അതിരുകളോളം ശാഖവിരിച്ചുനില്‍ക്കുന്നു എന്നതു വര്‍ക്കിച്ചന്‍ എന്ന ജീവന്റെ വൃക്ഷത്തിന്റെ ക്രാന്തദര്‍ശനവും കരുതലുമാണു വെളിപ്പെടുത്തുന്നത്. ആകാശപ്പറവകള്‍ക്കും ഭൂമിയിലെ ജീവജാലങ്ങള്‍ക്കും അഭയമരുളുന്ന വന്‍മരങ്ങള്‍ വ്യത്യസ്തതകളുടെ സംഗമബിന്ദുവാണ്. ഭിന്നതകളുടെ ആരക്കാലുകള്‍ വിശ്വാസത്തിന്റെ അക്ഷ ത്തില്‍ ഉറപ്പിക്കാന്‍ വര്‍ക്കിച്ചന് അന്യാദൃശമായ പാടവം ഉണ്ടായിരുന്നു. അവിഭക്ത തലശ്ശേരിരൂപതയുടെ ഇടവകകളിലെ സ്‌കൂളുകള്‍ കോര്‍പറേറ്റ് ഏജന്‍സിയുടെ കുടക്കീഴിലാക്കാനുള്ള ഭാരിച്ച ദൗത്യം അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവ് ഭരമേല്പിച്ചതു വന്ദ്യനായ വര്‍ക്കിയച്ചനെയായിരുന്നു. ഓരോ ഇടവകയും അതിന്റെ വിദ്യാലയങ്ങളും ഒരു നാട്ടുരാജ്യത്തിന്റെ അവകാശാധികാരങ്ങളോടെ കഴിഞ്ഞിരുന്ന അവസ്ഥയില്‍നിന്നു കൂട്ടായ്മയുടെ കുടക്കീഴിലേക്ക് അവയെ ഒരുമിപ്പിക്കുക എന്നത് ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നിയോഗിക്കപ്പെട്ട സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ദൗത്യ ത്തിനു സമാനമായിരുന്നു. വര്‍ക്കിച്ചന്‍ എന്ന ''ഉരുക്കുമനുഷ്യന്റെ'' നിശ്ചയദാര്‍ഢ്യത്തിനു മകുടസാക്ഷ്യമാണു മലബാര്‍രൂപതകളിലെ കോര്‍പറേറ്റ്ഏജന്‍സികള്‍. കേരളത്തിലെ പ്രഥമഗണനീയമായ പല രൂപതകളിലും ഈ സംവിധാനം ഇനിയും രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നു മനസ്സിലാക്കുമ്പോഴാണു വര്‍ക്കിയച്ചന്റെ ധിഷണാവൈഭവം വ്യക്തമാകുന്നത്.

വിശ്വാസത്തിന്റെ വിശുദ്ധന്‍

വിശ്വാസത്തിന്റെ പാറമേല്‍ പണിയപ്പെട്ട ഭവനത്തെ തിരമാലകള്‍ക്കോ കൊടുങ്കാറ്റിനോ കടപുഴക്കാനാവില്ല എന്ന ക്രിസ്തുവചനത്തിന്റെ സജീവദൃഷ്ടാന്തമായിരുന്നു വര്‍ക്കിയച്ചന്‍. അടിയുറച്ച ദൈവവിശ്വാസവും കറകളഞ്ഞ സഭാസ്നേഹവും മൂലധനമാക്കിക്കൊണ്ടാണ് അച്ചന്‍ എന്നും പ്രവര്‍ത്തിച്ചിരുന്നത്. വര്‍ക്കിയച്ചന്റെ വിശ്വാ സം വിലയിരുത്തുമ്പോള്‍ ആദ്യമായി കണ്ടെത്താനാവുന്നത് അതു വിശുദ്ധിയില്‍ പണിതുയര്‍ത്തപ്പെട്ടതായിരുന്നു എന്ന സത്യമാണ്. വിശുദ്ധിയുള്ള ഹൃദയത്തിലേ വിശ്വാസമെന്ന അമൂല്യവരം ഫലംപുറപ്പെടുവിക്കുകയുള്ളൂ എന്ന സത്യം വര്‍ക്കിയച്ചന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ദൈവതിരുമുമ്പില്‍ മനസ്സാക്ഷി നിര്‍മ്മലമാക്കിയും ഹൃദയം വെടിപ്പാക്കിയും ജീവിക്കാന്‍ വര്‍ക്കിച്ചന്‍ എന്നും ബദ്ധശ്രദ്ധനായിരുന്നു.

എന്‍. ആര്‍. സിയിലെ ധ്യാനത്തിനു സഹായിക്കാന്‍ പോയനാളുകളിലൊക്കെ വര്‍ക്കിയച്ചനോടൊത്തു ഭക്ഷിക്കാനും വസിക്കാനും കഴിഞ്ഞത് എന്റെ പൗരോഹിത്യജീവിതത്തിലെ പുണ്യമായി ഞാന്‍ കരുതുന്നു. ആ ദിനങ്ങളിലെല്ലാം സായാഹ്നങ്ങളില്‍ എന്നെ വിളിച്ചുവരുത്തി വലിയ ഒരുക്കത്തോടും അനുപാതത്തോടുംകൂടി വര്‍ക്കിയച്ചന്‍ കുമ്പസാരമെന്ന വിശുദ്ധകൂദാശ സ്വീകരിച്ചിരുന്നു. സാമാന്യദൃഷ്യിടിയില്‍ നിസ്സാരമെന്നു തോന്നുന്ന കുറവുകളെക്കുറിച്ചുപോലും വര്‍ക്കിയച്ചന്‍ പുലര്‍ത്തുന്ന അദ്ഭുതകരമായ മനസ്താപവും ആഴമേറിയ അനുപാതവും എന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. വിശുദ്ധസ്ഥലത്തു ശുശ്രൂഷ ചെയ്യുന്നവരുടെ മനസ്സിനും ആത്മാവിനും ശരീരത്തിനും വേണ്ട നൈര്‍മല്യത്തെക്കുറിച്ച് ഏറ്റവും ആഴമുള്ള അവബോധം എനിക്കു കിട്ടിയതു വര്‍ക്കിയച്ചന്‍ എന്ന വിശുദ്ധതാപസന്റെ കുമ്പസാരങ്ങള്‍ കേട്ടപ്പോഴാണ്. ഉത്തമ മനസ്താപത്തോടെയുള്ള കുമ്പസാരം കുമ്പസാരിക്കുന്ന പാപിയെ മാത്രമല്ല കുമ്പസാരക്കാരനെയും മാനസാന്തരപ്പെടുത്തും എന്ന വിയാനി പുണ്യവാന്റെ നിരീക്ഷണം എത്രയോ സത്യമായിരുന്നു എന്ന് അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവ.

വിശ്വാസം വളര്‍ത്താനുള്ള രണ്ടാമത്തെ അനുകൂലകാലാവസ്ഥ വിനയമാണെന്നു വര്‍ക്കിച്ചന്‍ മനസ്സിലാക്കിയിരുന്നു. കേരളത്തിലെ കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളുടെ കുലപതിയും വചനപ്രഘോഷകരുടെ രാജഗുരുവുമായ വര്‍ക്കിച്ചന്‍ എത്രമേല്‍ ശ്രദ്ധയോടും എളിമയോടും കൂടിയാണു വചനവേദിയിലെ നവാഗതരുടെ വചനപ്രഘോഷണം ശ്രവിച്ചിരിക്കുന്നത് എന്നത് അനുകരണീയമായ മാതൃകയായിരുന്നു. ശിശുസഹജമായ നിഷ്കളങ്കതയോടെയുള്ള അച്ചന്റെ സംശയനിവാരണങ്ങളും ചര്‍ച്ചകളും വചനപ്രഘോഷകരില്‍ ആത്മവിശ്വസം ജനിപ്പിക്കാന്‍ മാത്രമല്ല എളിമയുടെ മാതൃകയിലൂടെ അവരെ വിശുദ്ധീകരിക്കാനും പ്രാപ്തമായിരുന്നു. തന്റെ മുന്നിലെത്തുന്ന ഓരോ വ്യക്തിയെയും ദൈവദൂതുമായി വന്ന ഗ്രബിയേലിനെ സ്വീകരിച്ച മറിയത്തിന്റെ മനസ്സോടെ ആദരപൂര്‍വ്വം സ്വീകരിക്കുന്ന വര്‍ക്കിയച്ചന്‍ അന്യം നിന്നുതുടങ്ങിയ ആത്മീയസൂരികളുടെ അവസാനനിരക്കാരനായിരുന്നു. ''എല്ലാവരിലുംനിന്നും പഠിക്കാന്‍ എന്തെങ്കിലുമുണ്ട്'' എന്നു വര്‍ക്കി യച്ചന്‍ പറഞ്ഞിരുന്നതു ഭംഗിവാക്കായിരു ന്നില്ല. അത് അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ചൂഴ്ന്നുനിന്ന വിശ്വാസത്തിന്റെ മനുഷ്യദര്‍ശനമായിരുന്നു.

വിശ്വാസപ്രബോധന ഉപമകള്‍

അമൂര്‍ത്തമായ ആത്മീയയാഥാര്‍ഥ്യങ്ങള്‍ മനുഷ്യനു ഗ്രാഹ്യമാം വിധം മൂര്‍ത്തരൂപത്തില്‍ വിശദീകരിക്കാന്‍ ഉപമകളോളം ഫലപ്രദമായ മറ്റൊരു ആഖ്യാനസങ്കേതവുമില്ലെന്നു വര്‍ക്കിയച്ചനു നന്നായി അറിയാമായിരുന്നു. ദിവ്യഗുരുവിന്റെ ഉപമകള്‍ നിത്യവും ധ്യാനിച്ചതിന്റെ ഫലമായി വര്‍ക്കിയച്ചനും ഉപമകളിലൂടെയാണു വിശ്വാസപ്രബോധനം നടത്തിയിരുന്നത്. കാലാതിവര്‍ത്തിയായി അച്ചന്റെ ദര്‍ശനങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നതില്‍ ഈ ഉപമകള്‍ക്കു വലിയൊരു പങ്കുണ്ട്. നിത്യജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളില്‍നിന്നു കടഞ്ഞെടുത്ത, അച്ചന്റെ ഉപമകളില്‍ പലതിന്റെയും അര്‍ത്ഥവ്യാപ്തി ആലോചനാതീതമാണ്. അതിനാല്‍, അച്ചന്റെ വിഖ്യാതമായ ചില ഉപമകള്‍ ചൂണ്ടിക്കാണിക്കാന്‍ മാത്രമേ മുതിരുന്നുള്ളൂ:

1. ധ്യാനത്തോടുബന്ധിച്ചു ഭവനസന്ദര്‍ശനം നടത്തേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കാന്‍ അച്ചന്‍ ഉപമിക്കുന്നതു കാടിളക്കി വെടിവെയ്ക്കുന്നതിനോടാണ്. പൊത്തിലും കിടങ്ങിലും ഒളിച്ചിരിക്കുന്ന മൃഗങ്ങളെ ഓടിച്ചിറക്കി ഒരുമിച്ചുകൂട്ടുന്നതു നായാട്ടിലെ നാട്ടുനടപ്പാണ്. ധ്യാനംകൂടാന്‍ മടിച്ചുകഴിയുന്നവരെ അവരുടെ മാളത്തില്‍നിന്നു പുറത്തുചാടിക്കാന്‍ ഭവനസന്ദര്‍ശനത്തിനു കഴിയുമെന്നാണ് അച്ചന്‍ അര്‍ഥമാക്കുന്നത്.

2. ക്രിസ്തുവും സന്ന്യസ്തരും തമ്മിലുള്ള ബന്ധം ഗര്‍ഭസ്ഥശിശുവും അമ്മയും തമ്മിലുള്ള ബന്ധംപോലെയാണെന്ന് അച്ചന്‍ ഉപമിക്കുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുവിനു പ്രാണവായുവും ഭക്ഷണവും വെള്ളവുമടക്കം സര്‍വ്വസ്വവും നല്‍കുന്നത് അമ്മയാണല്ലോ. ആ ബന്ധത്തിന്റെ പൊക്കിള്‍ക്കൊടിമുറിഞ്ഞാല്‍ ശിശുവിന്റെ മരണമാണു ഫലം. സന്ന്യസ്തരുടെ സര്‍വ്വസ്വവുമായ ക്രിസ്തുവുമായി ബന്ധം മുറിഞ്ഞാല്‍ സന്ന്യാസത്തിന്റെ സര്‍വ്വനാശമാണു ഫലം എന്ന അച്ചന്റെ ചിന്തയുടെ ആഴം എത്ര ധ്യാനിച്ചാലും പൂര്‍ണ്ണമാകാത്ത വിശ്വാസസത്യമാണ്.

3. നല്ല കാര്യമാണല്ലോ എന്നുകരുതി തന്നിഷ്ടം പ്രവര്‍ത്തിക്കു ന്നവരെ ക്കുറിച്ച് അച്ചന്‍ പറയുന്ന ഉപമയും ഏറെ പ്രസിദ്ധമാണ്. തെങ്ങില്‍ ചുവടുതുറക്കാന്‍ വീട്ടുകാര്‍ വിളിച്ചുവരുത്തിയ പണിക്കാരന്‍ കശുമാവിന്‍ തോട്ടത്തിലെ കാട് വെട്ടാന്‍ തീരുമാനിച്ചു. കാടുവെട്ടുന്നതു നല്ലതാണെങ്കിലും അതിനായി നിയോഗിക്ക പ്പെട്ടവരാണ് അതു ചെയ്യേണ്ടത്. സഭയില്‍ പല മേഖല കളും അനാഥമാകുന്നതിന്റെ കാരണം സമാനമായ തന്നിഷ്ടപ്രവൃത്തികളാണെന്ന അച്ചന്റെ നിരീക്ഷണം എത്രയോ സത്യമാണ്. നല്ലതുചെയ്യുന്നതല്ല ദൈവഹിതം ചെയ്യുന്നതാണു പുണ്യം എന്ന അച്ചന്റെ തിരിച്ചറിവിന് ഏറെ ആഴമുണ്ട്.

4. ധ്യാനം കൂടിയവരുടെ തീക്ഷ്ണത കാലാന്തരത്തില്‍ കുറയുന്നതിനെ, പ്രേമിച്ചു കല്യാണം കഴിച്ചവര്‍ കലഹിച്ചു പിരിയുന്നതിനോടാണ് അച്ചന്‍ ഉപമിക്കുന്നത്. കേവലം വൈകാരികതലത്തില്‍ ആരംഭിച്ച സ്‌നേഹം വളരാതെ മുരടിക്കുമ്പോള്‍ ബന്ധങ്ങള്‍ വിരസമാകുന്നു. ആത്മീയതയിലും സംഭവിക്കുന്നതു സമാനമായ മുരടിപ്പാണ്. നവീകരണപ്രസ്ഥാനങ്ങളിലെ വൈകാരികാതിപ്രസരത്തില്‍ ആരംഭിക്കുന്ന ആത്മീയത സാവകാശം ആഴങ്ങളിലേക്കു വളരണമെന്നും അല്ലെങ്കില്‍ നവീകരണാനുഭവം ശിഥിലമാകുമെന്നുമാണ് അച്ചന്‍ വിവക്ഷി ക്കുന്നത്.

5. വചനപ്രഘോഷകര്‍ തങ്ങള്‍ക്കു തോന്നുന്ന കാര്യങ്ങള്‍ വിളിച്ചു പറയുകയല്ല ദൈവഹിതമനുസരിച്ചു സംസാരിക്കുകയാണു വേണ്ടത് എന്നു വ്യക്തമാക്കാന്‍ വര്‍ക്കിയച്ചന്‍ പറയുന്ന ഉപമ അംബാസഡര്‍മാരുടെതാണ്. ഒരു രാജ്യത്തിന്റെ അംബാസഡര്‍ക്ക് ഒരിക്കലും സ്വന്തം ആശയമോ അഭിപ്രായമോ പ്രകടിപ്പിക്കാന്‍ അവകാശമില്ല. മറിച്ച് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളുമാണ് അവര്‍ പറയേണ്ടത്. വചനപ്രഘോഷകര്‍ സ്വയം പ്രഭാഷിക്കുന്നവരല്ല, മറിച്ച് ക്രിസ്തുവിന്റെയും അവിടുത്തെ തുടര്‍ച്ചയായ തിരുസ്സഭയുടെയും വക്താക്കളാണ് എന്ന തിരിച്ചറിവാണു വിശ്വാസം.

6. ധ്യാനത്തില്‍ ഉറച്ച ബോധ്യത്തോടെ സ്തുതിക്കാന്‍ വൈമുഖ്യം കാണിക്കുന്നവരെക്കുറിച്ച് അച്ചന്‍ പറയുന്ന ഉപമ പാര്‍ട്ടിജാഥകളിലെ മുദ്രാവാക്യം വിളിക്കാരുടെതാണ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയിലും അതിന്റെ പ്രത്യയ ശാസ്ത്രത്തിലും നേതാവിലും ഉറച്ചവിശ്വാസമുള്ള അണികള്‍മാത്രമേ മുദ്രാവാക്യം ഉച്ചത്തിലും ആവേശത്തോടെയും ഏറ്റുവിളിക്കാറുള്ളൂ. മേല്‍പ്പറഞ്ഞവയില്‍ ബോധ്യമില്ലാത്ത അണികളുടെ മുദ്രാവാക്യംവിളി ശുഷ്‌കമായിരിക്കും. ഒരുവന്റെ പ്രാര്‍ഥനാതീക്ഷ്ണതയും ദൈവസ്തുതിക്കുള്ള താത്പര്യവും അന്തരാത്മാവിലെ വാശ്വാസ തീക്ഷ്ണതയുടെ അളവുകോലാണ് എന്ന സത്യമാണ് അച്ചന്‍ വ്യക്തമാക്കുന്നത്.

7.ശുശ്രൂ ഷകര്‍ക്ക് ആവശ്യത്തിന് അവസരം ലഭിക്കുന്നില്ല എന്ന പരാതിക്ക് ഉത്തരമായി അച്ചന്‍ പറയുന്നത് ആശാരിയുടെയും ഉളിയുടെയും ഉപമയാണ്. ആശാരിയുടെ കൈയില്‍ അനേകം ഉളികളുണ്ട്. പണിക്കു ചേര്‍ന്ന ഉളികളാണ് ആശാരി ഉപയോഗിക്കുന്നത്. മരത്തില്‍ ചെറിയ തുളയിടാന്‍ തന്നെ ഉപയോഗിച്ചില്ലല്ലോ എന്നു വീ തുളി സങ്കടപ്പെടുന്നതുപോലെ അര്‍ഥശൂന്യമാണു തനിക്ക് ഇന്ന് അവസരം കിട്ടിയില്ല എന്നു പരാതിപ്പെടുന്ന ശുശ്രൂഷകനും. ഓരോ ശുശ്രൂഷകനെയും ദൈവം വ്യത്യസ്തലക്ഷ്യങ്ങള്‍ക്കായി കരുതിവച്ചിരിക്കുകയാണ്. ഉളികള്‍ ഉപയോഗിക്കപ്പെടാത്തപ്പോഴും ആശാരിയുടെ പെട്ടിയില്‍ പരാതികൂടാതെ കഴിയുന്നതുപോലെ ഓരോ ശുശ്രൂഷകനും സമര്‍പ്പിതനും കഴിയണം. ദൈവത്തിനുവേണ്ടി ചെയ്തവയുടെ വലി പ്പമല്ല, പരാതികൂടാതെ ദൈവത്തോടൊത്തായിരിക്കാനുള്ള മനസ്സാണു വിശ്വാസം എന്ന വലിയ സത്യമാണ് ഈ ഉപമയിലൂടെ അച്ചന്‍ പഠിപ്പിക്കുന്നത്.

8. വിശ്വാസിക്കു പ്രാര്‍ഥന ശ്വാസോച്ഛ്വാസംപോലെ അവിരാമവും അനിവാര്യവുമാണ്, എന്ന അച്ചന്റെ ഉപമയുടെ അര്‍ഥവ്യാപ്തി അദ്ഭുതാവഹമാണ്. ശ്വാസം നിലയ്ക്കുമ്പോള്‍ പ്രാണന്‍ പിരിയുന്നതുപോലെ പ്രാര്‍ഥന നിലയ്ക്കുമ്പോള്‍ വിശ്വാസവും നിലയ്ക്കുന്നു. നിത്യവും ദിവ്യകാരുണ്യസന്നിധിയില്‍ തിരുമണിക്കൂര്‍ നടത്തി പ്രാര്‍ഥിക്കുന്ന വര്‍ക്കിയച്ചന്‍ ഇതു പറയുമ്പോള്‍ ഉപമക്കു ജീവിതത്തിന്റെ പിന്‍ബലം ലഭിക്കുന്നുണ്ട്. മേല്‍പ്പറഞ്ഞ ഉപമകള്‍ക്കു സമാനമായി, നൂറുകണക്കിന് ഉപമകളുപയോഗിച്ചാണു വര്‍ക്കിയച്ചന്‍ വിശ്വാസപ്രബോധനങ്ങള്‍ നടത്തിയിട്ടുള്ളത്. അതീവഹൃദ്യവും അയത്‌നലളിതവും ചിരപരിചിതവുമായ അനുദിനാനുഭവങ്ങള്‍ ആധാരമാക്കിയുള്ള ഈ ഉപമകള്‍ വര്‍ക്കിയച്ചന്റെ ആധ്യാത്മികപ്രപഞ്ചത്തിന്റെ നീളവും വീതിയും ഉയരവും ആഴവും വ്യക്തമാക്കുന്നുണ്ട്.

വിശ്വാസപാതയിലെ പഞ്ചശീലങ്ങള്‍

വര്‍ക്കിയച്ചന്‍ എന്ന കര്‍മ്മയോഗിയുടെ വിശ്വാസബോധ്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും രചനകളിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്. അവയില്‍ ചിലതു സൂചനാപരമായി പറയാനേ ഈ ലേഖനത്തിന്റെ പരിമിതിയില്‍ സാധിക്കുകയുള്ളൂ: ഒന്നാമതായി, ദൈവം ലക്ഷ്യം വെളിപ്പെടുത്തിത്തന്നു കഴിഞ്ഞാല്‍ സധൈര്യം മുന്നിട്ടിറങ്ങണം എന്ന ബോധ്യം അച്ചനുണ്ടായിരുന്നു. സംഭവിക്കാനിടയുള്ള പ്രതിസന്ധികളെക്കുറിച്ചുള്ള അമിതാലോചനകളും വ്യഗ്രതകളും വിശ്വാസദൗര്‍ബല്യമാണ്. ലക്ഷ്യം നിര്‍ണ്ണയിച്ച ദൈവംതന്നെ അതിനുള്ള വഴിയും കാണിച്ചു തരും എന്നതായിരുന്നു വര്‍ക്കിയച്ചന്റെ അടിയുറച്ച ബോധ്യം. വിശേഷയോഗ്യതകളില്ലാത്ത കേവലമൊരു നാട്ടുപട്ടക്കാരന്‍ മലബാറിന്റെ മലമടക്കില്‍ വിദ്യാഭ്യാസത്തിന്റെയോ സമ്പത്തിന്റെയോ പിന്‍ബലമില്ലാത്ത പെണ്‍കുട്ടികളെ ചേര്‍ത്തു വിമലമേരി സന്ന്യാസിനീസമൂഹം സ്ഥാപിക്കുമ്പോള്‍ വര്‍ക്കി യച്ചനെ വഴിനടത്തിയത് ഈ വിശ്വാസബോധ്യമായിരുന്നു.

രണ്ടാമതായി, ദൈവത്തോട് ആലോചന ചോദിച്ച് അവിടുത്തെ ഹിതം അറിഞ്ഞശേഷംമാത്രമേ ഏതൊരു സംരഭത്തിനും ഇറങ്ങാവൂ എന്ന് അച്ചന്റെ നിര്‍ബന്ധബുദ്ധി വിശ്വാസത്തിന്റെ സമ്പൂര്‍ണ്ണബോധ്യമാണു വെളിപ്പെടുത്തുന്നത്. ചിലപ്പോള്‍ മണിക്കൂറുകളും ദിവസങ്ങളും ദൈവഹിതം വെളിപ്പെട്ടുകിട്ടാന്‍ തിരുസ്സന്നിധിയില്‍ മുട്ടിപ്പായി പ്രാര്‍ഥിക്കേണ്ടിവരും എന്ന സത്യവും അച്ചന്‍ ഓര്‍മ്മിപ്പി ക്കുന്നുണ്ട്. ദൈവത്തോട് ആലോചന ചോദിക്കാത്തവയുടെ പരാജയം സുനിശ്ചിതമാണെന്നും അച്ചന്‍ പഠിപ്പിക്കുന്നു.

മൂന്നാമതായി, പരാജയങ്ങളും തിരിച്ചടികളും സഹനങ്ങളും എല്ലായ്‌പ്പോഴും ദൈവം കൈവിട്ടതിന്റെ അടയാളമായി വ്യാഖ്യാനിക്കരുതെന്ന് അച്ചന്‍ വ്യക്തമാക്കുന്നുണ്ട്. വിശുദ്ധീകരിക്കാനും എളിമപ്പെടുത്താനും സ്വര്‍ഗ്ഗപ്രവേശനം ഉറപ്പുവരുത്താനും കഴിയുന്ന സഹനത്തെ തിന്മയായി വ്യാഖ്യാനിക്കുന്നതു വിശ്വാസത്തിന്റെ പാതയിലെ ഏറ്റവും വലിയ അബദ്ധമായിട്ടാണ് അച്ചന്‍ മനസ്സിലാക്കുന്നത്.

നാലാമതായി, ഒരുമിച്ചു പ്രാര്‍ഥിക്കുന്നവ ദൈവം ഒരിക്കലും നിഷേധിക്കില്ല എന്ന ഉറച്ചബോധ്യം വര്‍ക്കിയച്ചനുണ്ടായിരുന്നു. സന്ന്യാസിനീസമൂഹത്തിലെ എല്ലാ അംഗങ്ങളും ഒരേ ആത്മാവോടും മനസ്സോടുംകൂടി പ്രാര്‍ഥി ക്കുമ്പോള്‍ ദൈവം അവ സാധിച്ചുതരുമെന്ന് അനേകം ദൃഷ്ടാന്തങ്ങളിലൂടെ വര്‍ക്കിയച്ചന്‍ വ്യക്തമാക്കുന്നുണ്ട്. വിശ്വാസത്തിനു ദൈവാഭിമുഖ്യംമാത്രമല്ല പരോന്മുഖതയുമുണ്ട് എന്ന സത്യമാണ് അച്ചന്‍ പഠിപ്പിക്കുന്നത്. വേദനിക്കുന്നവരോടും അശരണരോടും ഹൃദയൈക്യത്തിലെത്തുന്നവരുടെ പ്രാര്‍ഥന ദൈവത്തിനു നിരസിക്കാനാവില്ല എന്ന സത്യം വര്‍ക്കിയച്ചന്റെ ആഴമേറിയ വിശ്വാസബോധ്യമായിരുന്നു.

അഞ്ചാമതായി, നാരകീയശക്തിയായ സാത്താന്റെ ശക്തികളെ പരാജ യപ്പെടുത്താന്‍ തിരുസ്സഭയാകുന്ന സംരക്ഷണകോട്ടയില്‍ വിശ്വസ്തയോടെ ജീവിക്കുകയും കൂദാശകളും സഭാപ്രാര്‍ഥനകളും നിഷ്ഠയോടെ നിറവേറ്റുകയും ചെയ്യണമെന്നകാര്യത്തില്‍ അച്ചനു നിര്‍ബന്ധമുണ്ടായിരുന്നു. ഏതുതിരക്കിലും എത്ര വൈകി വന്നാലും കാനോനനമസ്‌കാരം മുടക്കാതെ ജപിച്ച പുരോഹിതശ്രേഷ്ഠ നായിരുന്നു സി.ജെ. വര്‍ക്കിയച്ചന്‍.2009 ജൂണ്‍ 24 ന് നിത്യഭാഗ്യത്തിനായി വിളിക്കപ്പെടുംവരെ അച്ചന്‍ ദൈവതിരുമുമ്പില്‍ വിശ്വസ്തനായ വിശുദ്ധനായിരുന്നു.

ഉപസംഹാരം

തൊട്ടതെല്ലാം പൊന്നാക്കാന്‍ വരംകിട്ടിയ മിഡാസ്ദേവന്റെ കഥ ഗ്രീക്കുപുരാണത്തിലുണ്ട്. എന്നാല്‍ ഈ ഐതിഹ്യകഥാപാത്രത്തിനു കൈയും കാലും തലയും വെച്ചു സജീവമായതാണു വര്‍ക്കിയച്ചന്‍. കണ്ടവയില്‍നിന്നു വരാനിരിക്കുന്നവയെ സ്വപ്നം കാണാന്‍ കഴിയുന്ന ക്രാന്തദര്‍ശിയായിരുന്നു വര്‍ക്കിയച്ചന്‍. യുവവൈദികനായിരിക്കേ ഉരക്കുഴിവെള്ളച്ചാട്ടത്തിന്റെ ദൃശ്യത്തില്‍നിന്നു വര്‍ക്കിയച്ചന്‍ കണ്ട സ്വപ്നമാണ് ഇന്നത്തെ പെരുവണ്ണാമൂഴി ഡാം. ആത്മീയതീക്ഷ്ണത ഏറെയുണ്ടായിരുന്നിട്ടും ഭൗതികസാഹചര്യങ്ങളുടെ പരിമിതിമൂലം സന്ന്യാസ ജീവിതം അന്യമായിത്തീര്‍ന്ന മലബാറിലെ കുടിയേറ്റകുടുംബങ്ങളിലെ പെണ്‍കുട്ടികളെ കണ്ടപ്പോള്‍ വര്‍ക്കിയച്ചന്‍ മനസ്സില്‍ക്കണ്ട സ്വപ്നമാണ് ഇന്നത്തെ വിമലമേരിസന്ന്യാസിനിസമൂഹം. ആധ്യാത്മിക വരള്‍ച്ച ബാധിച്ച കേരളസഭയെ കണ്ടപ്പോള്‍ വര്‍ക്കിയച്ചന്‍ മനസ്സില്‍ വിരിയിച്ച സ്വപ്നമാണ് ഇന്നത്തെ നവീകരണമുന്നേറ്റങ്ങള്‍. മാധ്യമരംഗത്തെ സഭയുടെ ദൗര്‍ബല്യം കണ്ടപ്പോള്‍ ശ്രീ. ബെന്നി പുന്നത്തറയോടു ചേര്‍ന്നു വര്‍ക്കിയച്ചന്‍ കണ്ട സ്വപ്നമാണ് ഇന്നത്തെ ശാലോം. പൂര്‍വ്വയൗസേപ്പിനെയും യൗസേപ്പിതാവിനെയുംപോലെ പരിശുദ്ധാത്മ നിവേശനങ്ങളെ സ്വപ്നം കാണാനുള്ള അന്യാദൃശമായ പാടവം വര്‍ക്കിയച്ചനുണ്ടായിരുന്നു. തന്റെ ജീവിതത്തെ മുഴുവന്‍ സംഗ്രഹിച്ച് അച്ചന്‍ പറയാറുള്ള തമാശക്കഥയോടെ ഈ ചിന്ത കള്‍ക്കു വിരാമമി ടുകയാണ്. ആനപ്പുറത്തിരുന്ന് എലി പാലം കടന്നപ്പോള്‍ പാലം ചെറുതായൊന്നു കുലുങ്ങി. എലി പറഞ്ഞു: ''നമ്മള്‍ നടന്നപ്പോള്‍ പാലം കുലുങ്ങിയല്ലോ''. പാലം കുലുക്കിയത് ആനയുടെ ആകാരവും ഗാംഭീര്യവുമാണെങ്കിലും ആനപ്പുറത്തിരുന്ന എലിക്കും ആ കുലുക്കം അനുഭവിക്കാനായി. ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും സമാനമായ തിരിച്ചറിവുകള്‍ ലഭിക്കും. താന്‍ എന്തെങ്കിലും ചെയ്‌തെങ്കില്‍, ദൈവത്തോടു ചേര്‍ന്നു നിന്നതുകൊണ്ടുമാത്രം സംഭവിച്ചതാണെന്ന തിരിച്ചറിവാണു വര്‍ക്കിയച്ചന്റെ വിശ്വാസത്തിനും വിശുദ്ധിക്കും ആധാരം. ഈ വന്ദ്യപുരോഹിതനെ അള്‍ത്താരയില്‍ വണങ്ങാനുള്ള ഭാഗ്യത്തിനായി ഒരുമനസ്സോടെ നമുക്കു പ്രാര്‍ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *