സി. ഫിന്‍സി MSMI
(സുപ്പീരിയര്‍ ജനറല്‍)
ദെവത്തില്‍ മാത്രം ശരണം വച്ച് പരിശുദ്ധ അമ്മയുടെ കരം പിടിച്ച് ജീവിച്ചപ്പോള്‍ ഒരു മനുഷ്യായുസില്‍ ആരംഭം കുറിക്കുവാനും പൂര്‍ത്തിയാക്കുവാനും സാധിച്ച അത്ഭുതങ്ങളുടെ വിസ്മയം ഈ ജീവിതം! എനിക്ക് ഇത് എഴുതാതിരിക്കാനാവില്ല.
ജീവിതത്തില്‍നിന്ന് 89-ാം വയസ്സില്‍ വിടവാങ്ങിയ മോണ്‍. സി. ജെ. വര്‍ക്കി 1921 ജൂണ്‍ 11-ന് ജന്മം കൊണ്ടു. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ പൈങ്ങളം ഇടവകയില്‍ വേരനാല്‍ തറവാട്ടില്പെട്ട കുഴികുളം കുടുംബത്തില്‍ ജോസഫ്-അന്നമ്മ ദമ്പതിമാര്‍ക്ക് 7-ാമത്തെ സന്താനമായിട്ടായിരുന്നു ജനനം. പഠനത്തിലുള്ള സമാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പ്രാഥമിക അദ്ധ്യാപകരുടെ നിര്‍ദ്ദേശമനുസരിച്ച് പാലാ സെന്റ്. തോമസ് ഇംഗ്ലീഷ് സ്കൂളില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കി. മകന് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിന് പിതാവ് ആഗ്രഹിച്ചുവെങ്കിലും ഒരു മിഷനറി വൈദികനാകുക എന്ന തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ച് നിര്‍ബന്ധപൂര്‍വ്വം അനുവാദം വാങ്ങി കേരളത്തിന്റെ മിഷന് പ്രദേശമായി തോന്നിയ കോഴിക്കോട് രൂപതയില്‍ ചേര്‍ന്നു. മംഗലാപുരം, മംഗലപ്പുഴ സെമിനാരികളിലായി വൈദിക പരിശീലനം പൂര്‍ത്തിയാക്കി 1944 മാര്‍ച്ച് 16-ന് വരാപ്പുഴ മെത്രാപ്പോലിത്ത റൈറ്റ്. റവ. ഡോ. മാര്‍ ജോസഫ് അട്ടിപ്പേറ്റി തിരുമേനിയില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ച് കര്‍ത്താവിന്റെ അഭിഷിക്തനായി.
തിരുവിതാംകൂറിന്റെ നന്മയും സമൃദ്ധിയും വിട്ട് അഭിഷിക്താഭിഷേകത്തിന്റെ അഗ്നി നിറച്ച് വര്ക്കിയച്ചന് മലബാറിന്റെ മണ്ണിലേയ്ക്കിറങ്ങി. അന്നത്തെ കോഴിക്കോട് രൂപത യില്‍പെട്ട പേരാവൂര്‍, ഇടവകയില്‍ ബഹു. ജോസഫ് കുത്തൂരച്ചന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ എടൂര്കേന്ദ്രമാക്കി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 1949-ല്‍ എടൂരില്‍ നിന്നും മാനന്തവാടി ഇടവകയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തലപ്പുഴ തുടങ്ങി പനമരം വരെയും മൈസൂറിന്റെ അതിര്‍ത്തി മുതല്‍ കുഞ്ഞോംവരെയുള്ള പ്രദേശങ്ങളായിരുന്നു അന്ന് മാനന്തവാടി ഇടവക.
കുളത്തുവയലിന്റെ ശില്പി
1951-ല്‍ കുളത്തുവയല്‍ വികാരിയായി ബഹു. വര്ക്കിയച്ചന് ചുമതലയേറ്റു. അന്നാളുകള്‍ കുടിയേറ്റത്തിന്റെ ഇരുളടഞ്ഞ കാലഘട്ടം തന്നെയായിരുന്നു. ഭയാനകമായ വിധത്തില്‍ മലമ്പനി അനേകരുടെ ജീവന് അപഹരിച്ചു. കുടംബത്തിലെ എല്ലാ അംഗങ്ങളും തന്നെ മരിച്ചുപോയ സംഭവങ്ങള്‍ ഈ ദേശത്തിനുണ്ട്. ദുരന്തങ്ങള്‍ കണ്ടു പതറാതെ വാഗ്ദാനത്തിന്റെ ദേശം ലക്ഷ്യമാക്കി പ്രയാണം തുടര്‍ന്ന ഇസ്രായേല്‍ ജനത യുടെ ധീരത യോടെ കര്‍ഷക മക്കള്‍ ജാതി മത വര്‍ഗ വര്‍ണ്ണ ഭേദമന്യേ വര്‍ക്കിയച്ചന്റെ നേതൃത്വത്തില്‍ ഒരുമയോടെ മുന്നേറി. 1954-ല്‍ തലശ്ശേരി ആസ്ഥാനമാക്കി മലബാറിലെ സീറോ മലബാര്‍ റീത്തില്‍പെട്ട വിശ്വാസികള്‍ക്കായി പുതിയ രൂപത സ്ഥാപിതമായി. അഭിവന്ദ്യ മാര്‍ വള്ളോപ്പിള്ളി പിതാവിന്റെ താല്പര്യപ്രകാരം കോഴിക്കോട് രൂപതാധികാരി റൈറ്റ് റവ. ഡോ. മരിയ പത്രോണി പിതാവിന്റെ അനുവാദത്തോടെയും ആശീര്‍വാദത്തോടെയും തന്റെ ആത്മീയ ശുശ്രൂഷകള്‍ വള്ളോപ്പിള്ളി പിതാവിന്റെ നിര്‍ദ്ദേശനുസരണം തലശ്ശേരി രൂപതയിലെ കുളത്തുവയലില്‍ തന്നെ തുടര്‍ന്നു. 1951 മുതല്‍ 1967 വരെ ഓരേ പ്രദേശത്ത് പ്രവര്‍ത്തിക്കുവാന്‍ ആയത് കുളത്തുവയല്‍ എന്ന പേര് ലോകം അറിയണം എന്ന ദൈവിക പദ്ധതി ആയിരുന്നില്ലേ?
സ്വപന്ങ്ങള്‍ക്ക് ചിറകുകള് ഉള്ളവന്
നാടിന്റെ പുരോഗതി ഇളം തലമുറയുടെ വിദ്യാഭ്യാസത്തില്‍ അടിസ്ഥാനമിട്ട താണെന്ന് മനസിലാക്കി പ്രവര്‍ത്തിച്ച ഗുരുവാണ് മോണ്‍. സി. ജെ. വര്‍ക്കി. ഇക്കാലത്ത് അദ്ദേഹം സ്ഥാപിച്ച നരിനട എല്‍.പി. സ്കൂള്‍, ഓഞ്ഞില്‍ എല്‍.പി. സ്കൂള്‍, പെരുവണ്ണാംമൂഴി എല്‍.പി. സ്കൂള്‍ തുടങ്ങിയവയുടെ സ്ഥാപനവും ചക്കിട്ട പ്പാറ സെന്റ്. ആന്റണീസ് എല്‍. പി. സ്കൂള്‍, കുളത്തുവയല്‍, സെന്റ്. ജോര്‍ജ് എല്‍. പി. സ്കൂള്‍ എന്നിവയുടെ വികസനവും ഈ കര്‍മ്മധീരന്റെ സ്വപ്നങ്ങളുടെ ഭാഗമാണ്. 1950-60 കാലഘട്ട ങ്ങളില്‍ മലബാര്‍ കുടിയേറ്റ മേഖലയില്‍ രണ്ടേ രണ്ട് ഹൈസ്കൂളുകളേ ഉണ്ടായിരുന്നുള്ളു. കോഴിക്കോട് ജില്ലയിലെ തിരുവാമ്പാടിയിലും കണ്ണൂര്‍ ജില്ലയിലെ പേരാവൂരും. കോഴിക്കോട് ജില്ലയിലെ കക്കയം മുതല്‍ കുറ്റിയാടിവരെ നീണ്ടു കിടക്കുന്ന വിശാലമായ കിഴക്കന്‍ മലയോരെ മേഖലയില്‍ തുടര്‍വിദ്യാഭ്യാസം സ്വപ്നം കണ്ട വര്ക്കിയച്ചന് മദ്രാസ് ഗവണ്മെന്റിന്റെ അംഗീകാരം വാങ്ങി സ്കൂളിന് വേണ്ടത്ര സ്ഥലവും കെട്ടിടങ്ങളും, ഫര്‍ണീച്ചറും, ലാബും, ലൈബ്രറിയും, കളിസ്ഥലവും രൂപപ്പെടുത്തി യോഗ്യതയുള്ള അദ്ധ്യാപകരെയും കണ്ടെത്തി 1954-ല്‍ കുളത്തുവയലില്‍ സെന്റ് ജോര്‍ജ്സ് ഹൈസ്കൂള്‍ ആരംഭിച്ചു. വനഭൂമികളിലും മലയിടുക്കുകളിലും ഒതുങ്ങിക്കൂടൂമായിരുന്ന ഒരുപാട് ജീവിതങ്ങളെ ഉന്നതമായ പദവികള്‍ അലങ്കരിക്കുന്നവിധം വളര്‍ത്തുവാന്‍ സാധിച്ചു എന്ന് തിരിച്ചറിയുമ്പോള്‍ ശ്രേഷ്ഠമായ സ്വപ്നങ്ങളും സ്വപ്നങ്ങള്‍ക്ക് ചിറകുകളും ഉള്ളവന് എന്നല്ലാതെ എന്താണ് അദ്ദേഹത്തെ വിളിക്കുക?
താഴ്വാരങ്ങള്‍ വിട്ട് ഉയര്‍ന്നു പറന്നവന്
അഞ്ചു സ്കൂളുകളുടെ മാനേജര്‍ സ്ഥാനം വഹിച്ചിരുന്ന ബഹു. വര്‍ക്കിയച്ചന്റെ വിദ്യാഭ്യാസ താല്പര്യവും അനുഭവസമ്പത്തും കര്‍മ ശേഷിയും സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളുമാണ് അവിഭക്ത തലശ്ശേരി രൂപതയിലെ മാനേജുമെന്റ് സ്കൂളുകള്‍ ഒരു കോര്‍പ്പറേറ്റ് ഏജന്‍സിയുടെ അധീനതയില്‍ ആക്കുക എന്ന ഭാരിച്ച ദൗത്യം അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവ് ബഹു. വര്‍ക്കിയച്ചനെ ഏല്പിക്കുവാന് കാരണമായത്. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നിയോഗിക്കപ്പെട്ട സര്‍ദാര്‍ വല്ലഭായി പട്ടേലിനെപ്പോലെ വര്ക്കിയച്ചന് എന്ന ഉരുക്കുമനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ നേര്‍സാക്ഷ്യമാണ് തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ ഏജന്‍സി. കേരളത്തിലെ പ്രഥമഗണനീയമായ മറ്റു പല രൂപതകളിലും ഇനിയും ഇങ്ങനെയൊരു വിദ്യാഭ്യാസ സംവിധാനം രൂപപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല എന്നു തിരിച്ചറിയുമ്പോഴാണ് വര്ക്കിയച്ചനെന്ന ദൈവമനുഷ്യന്റെ ധിഷണാവൈഭവം വ്യക്തമാകുന്നത്. അതെ, നിശ്ചയമായും താഴ്വാരങ്ങള്‍ വിട്ട് ഉയര്‍ന്ന് പറന്നവന് തന്നെ.
ക്രാന്തദര്‍ശിയായ വര്ക്കിയച്ചന്
കാലഘട്ടത്തിന്റെ സ്പന്ദനങ്ങളെ അതിന്റെ പൂര്‍ണ്ണതകളോടും പരിമിതികളോടും കൂടി തിരിച്ചറിയുന്നവരാണ് ദാര്‍ശനികര്‍. അവരുടെ സ്വപ്നങ്ങളും ചിന്തകളും പദ്ധതികളും പ്രവര്‍ത്തനങ്ങളുമെല്ലാം വരും തലമുറകളേയും ഉള്‍ച്ചേര്‍ത്തതാണ്. അവരുടെ ആത്മീയത മണ്ണിനോടും മനുഷ്യനോടും ഇഴചേര്‍ന്ന് കിടക്കുന്നതുമാണ്. ഈ യാഥാര്‍ത്ഥ്യം തിരച്ചറിഞ്ഞ ബഹു. വര്ക്കിയച്ചന് വിശക്കുന്നവന്റെ മുന്പില് ആത്മീയതയ്ക്കു മുമ്പേ ആദ്യം അപ്പം വിളമ്പി. ഇന്നത്തെപോലെ തൊഴിലും തൊഴിലവസരങ്ങളും അടിസ്ഥാന ജീവിത സൗകര്യങ്ങള്‍പോലും ഇല്ലാതിരുന്ന 1960-70 കാലഘട്ടത്തെക്കുറിച്ചാണ് ഇപ്പറയുന്നത്. കേരളം വ്യവസായ രംഗത്ത് വളരെ പിന്നിലായതിനാല്‍ സംസ്ഥാനത്തിനകത്ത് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ ലഭ്യമല്ലാതിരുന്നപ്പോള്‍ കുടിയേറ്റ മേഖലയില്‍ നിന്ന് എസ്.എ സ്.എല്‍.സി. നല്ല മാര്‍ക്കോടെ പാസായിട്ടും അനേകം യുവതി യുവാക്കള്‍ക്ക് ഉപരി പഠനത്തിന് വേണ്ടത്ര കോളേജുകളോ, നഗരത്തിലെ കോളേജുകളില്‍ പഠിക്കുവാനുള്ള സാമ്പത്തിക സ്ഥിതിയോ ഇല്ലാത്ത അവസ്ഥയില്‍ ധാരാളം യുവാക്കള്‍ വൈമനസ്യത്തോടെ കൃഷിയിടങ്ങളില്‍ ഒതുങ്ങി. യുവതികള്‍ ഉപരിപഠനവും ജോലിയും ഒരു കിട്ടാക്കനിയായി കരുതി അടുക്കളയിലും. ഈ അവസര ത്തിലാണ് ക്രാന്തദര്‍ശിയായ വര്ക്കിയച്ചന് ‘ജോര്‍ജിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കൊമേര്‍ഴ്സ് ’ എന്ന സ്ഥാപനം ആരംഭിച്ചത്. ഇതുവഴി അനേകം യുവതീയുവാക്കള്‍ക്ക് സ്റ്റെനോഗ്രാഫിയിലൂടെ മികച്ച തൊഴില്‍ നേടിയെടുക്കാനായി. അനേകം തദ്ദേശിയര്‍ കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലും നല്ല കമ്പനികളിലും ജോലി നേടി.
ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനുഷ്യന്
ഹൈസ്കൂളും മറ്റ് ഇതര സംരംഭങ്ങളും ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഇടവക ദൈവാലയം കൂടി നിര്‍മ്മിക്കണമെന്ന് വള്ളോപ്പിള്ളി പിതാവ് ആവശ്യപ്പെടുകയുണ്ടായി. കേവലം അഞ്ചുവര്‍ഷം കൊണ്ട് 80 അടി ഉയരമുള്ള ടവറും ബാല്‍ക്കണിയും അന്തര്‍ഭൗമ അള്ത്താരയുമുള്ള ഗോത്തിക്ക് കലാസൗന്ദര്യം നിറഞ്ഞ ദൈവാലയം പണിയിപ്പിച്ചു. ഇടവകക്കാരില്‍ നിന്നും വാഗ്ദാനം ലഭിച്ച 60,000/- രൂപയില്‍ നിന്ന് ദൈവാലയ നിര്‍മ്മിതി ആരംഭിച്ചു. എന്നാല്‍ പണികഴിഞ്ഞ പ്പോള്‍ 1,60,000/- രൂപയോളം ചിലവായി. വിദേശ സഹായം തേടാതെയും ഇതര ഇടവകകളില്‍ പിരിവെടുപ്പു നടത്താതെയും ജനപങ്കാളിത്വത്തോടെയാണ് കാര്യം നിര്‍വ്വഹിച്ചത്. 1967 മാര്‍ച്ച് 15-ന് കോഴിക്കോട് രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ ആള്‍ദോ മരിയ പത്രോണി ദൈവാലയം വെഞ്ചരിക്കുകയും തലശ്ശേരി രൂപതാദ്ധ്യക്ഷന്മാര് സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പുതിയ ദൈവാലയത്തില്‍ ആദ്യ ബലിയര്‍പ്പിക്കുകയും ചെയ്തു. 16-ാം തീയതി സെബാസ്റ്റ്യന്‍ എമ്പ്രയില്‍ ശെമ്മാശന്റെ പുത്തന്കുര്ബ്ബനയും പുതിയ ദൈവാലയത്തില്‍ വച്ചു നടത്തുവാന്‍ സാധിച്ചുവെന്ന് അച്ചന് നാള്‍വഴികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം കക്കയം പള്ളി സന്ദര്‍ശിക്കാനിടയായതാണ് കുറ്റിയാടി ഇറിഗേഷന്‍ പ്രൊജക്ടിന്റെ തുടക്കത്തിന് കാരണമായത് എന്ന് വര്ക്കിയച്ചന് ഓര്‍മ്മിക്കുന്നു. വലിയ ഇരമ്പല്‍ കേട്ടപ്പോള്‍ എന്താണെന്ന് അന്വേഷിച്ചു. ഉരക്കുഴി വെള്ളച്ചാട്ടത്തെ കുറിച്ച് പറഞ്ഞുകേട്ടപ്പോള്‍ കാണുവാന്‍ തോന്നി. പിന്നീടൊരിക്കല്‍ നാലഞ്ചുപേരെ കൂട്ടി വെള്ളച്ചാട്ടത്തിനരികെ പോയി കണ്ടപ്പോള്‍ അത്ഭുതമായി. കൗതുകം തോന്നിയെടുത്ത ചിത്രങ്ങളില്‍ ഉണ്ടായ ധ്യാനവും തുടര്‍ന്നുണ്ടായ ചിന്തകളുമാണ് ജനത്തിനും ദേശത്തിനും ഉപകാരമായ ജലസേചനമെന്ന വലിയ സാധ്യതയിലേക്ക് ബഹു. വര്ക്കിയച്ചനെത്തിയത്. തനിക്ക് കിട്ടിയ ഉള്‍പ്രേരണയനുസരിച്ച് അച്ചന് ഇന്ത്യാഗവണ്മെന്റിന്റെ പ്ലാനിംഗ് കമ്മീഷന് ഇതിന്റെ സാധ്യതകളേക്കറിച്ച് എഴുതി അറിയിച്ചു. വൈദ്യുതി ഉദ്പാദിപ്പിക്കുന്നതിനും കൃഷിക്കും സാധ്യതയുള്ള ഉരക്കുഴി വെള്ളച്ചാട്ടം ജനോപകാരപ്രദമാക്കുക എന്നതായിരുന്നു ഉള്ളടക്കം. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലമായിരുന്നു അത്. ദൈവനിയോഗംപോലെ കാലം കരുതിവച്ചതുതന്നെ സംഭവിച്ചു. തികച്ചും ജനോപകാരപ്രദമായ കുറ്റിയാടി ജലവൈദ്യുത പദ്ധതി മലബാറിന്റെ മുഖഛായ മാറ്റിയെടുത്തു. കര്‍മ്മ കുശലതയും ക്രാന്തദര്‍ശനവും കൈമുതലായിരുന്ന ഒരു ദൈവമനുഷ്യ സ്നേഹിയുടെ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിലുള്ള മഹത്തായ പങ്കാളിത്തം!
സാഹസികതയോടും പുതുമകളോടും എന്നും സൗഹൃദം പുലര്‍ത്തിയിരുന്ന ജീവിത ശൈലിയായിരുന്നു ബഹു. അച്ചന്റേത്. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച്, കാലഘട്ടത്തിന്റെ ആവശ്യമറിഞ്ഞ് അത്മായശാക്തീകരണവും സ്ത്രീ ശാക്തീകരണവും ലക്ഷ്യം വച്ച് രൂപപ്പെടുത്തിയ ശുശ്രൂഷാരീതികള്‍ എന്നും അച്ചന്റെ ആവേശമായിരുന്നു. ഉദാഹരണമായി 1976 സെപ്റ്റം ബര് 9-ന് കുളത്തുവയല്‍ വിമലാലയം സിസ്റ്റേഴ്സ് കോഴിക്കോട് റേഡിയോ നിലയത്തില്‍ നിന്ന് ഭക്തിഗാനം ആലപിച്ച് റേഡിയോ പ്രക്ഷേപണത്തിന് തുടക്കം കുറിച്ചു. ആത്മീയരംഗത്ത് വിപ്ളവകരമായ മാറ്റം കുറിക്കാനിടയായ കരിസ്മാറ്റിക്
ധ്യാനവും ആധുനിക കാലഘട്ടത്തിന്റെ ആവശ്യമായ ശാലോം മീഡിയ, ടെലിവിഷന്‍ പ്രോഗ്രാം ഇവയെല്ലാം മനുഷ്യസ്നേഹിയായ മോണ്‍. സി.ജെ. വര്‍ക്കിയച്ചന്റെ സാമൂഹികദാര്ശനത്തിന്റെ വെളിപാടുകള്‍ തന്നെ!
എം. എസ്. എം. ഐ. സന്യാസിനീ സമൂഹം – തിരുസഭയില്‍
ബഹു. വര്‍ക്കിയച്ചന്റെ അടങ്ങാത്ത ദൈവസ്നേഹത്തിന്റേയും വിശ്വാസത്തിന്റെയും തിരുസഭയിലുള്ള അടിയുറച്ച ആത്മസമര്‍പ്പണത്തിന്റെയും അധികാരികാരികളോടുള്ള വിധേയത്വത്തിന്റേയും തീവ്രപ്രകരണമാണ് എം. എസ്. എം. ഐ. സന്യാസിനീ സമൂഹം. കുടിയേറ്റമേഖലകളില്‍ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും അദ്ധ്വാനശീലരായിരുന്നു. സ്ത്രീകള്‍ വീട്ടുജോലികളും കുട്ടികളെ വളര്‍ത്തലുമായി കഴിഞ്ഞിരുന്നു. അവര്‍ക്ക് പുറത്തുപോകുവാനും പ്രശ്നങ്ങള്‍ അറിയുവാനും പറയുവാനും ഉള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസവും ജോലി സാദ്ധ്യതകളും കുറവായിരുന്നു. ഈ സാഹചര്യത്തില്‍ മലബാറിലെ കുടിയേറ്റ ജനതയുടെ ആവശ്യം തിരിച്ചറിഞ്ഞ് ഒരു പുതിയ ജീവിത ശൈലിയില്‍ സമര്‍പ്പിത ജീവിതം നയിക്കുന്ന ഒരു നവസമൂഹത്തെ കുറിച്ചുള്ള ചിന്തയും പ്രാര്‍ത്ഥനയും അച്ചനില്‍ രൂഢമൂലമായി. ദൈവജനത്തിന്റെ നവീകരണത്തിന് അനുയോജ്യമായ ഒരു സന്യാസിനീ സമൂഹം എന്ന ലക്ഷ്യത്തോടെയാണ് 1962 സെപ്റ്റംബര്‍ 8-ന് മോണ്‍. സി. ജെ. വര്ക്കിയച്ചന് എം. എസ്. എം. ഐ. സന്യാസിനീ സമൂഹം ആരംഭിച്ചത്. വേദനിക്കുവരേയും ദുഖിക്കുന്നവരേയും അപാരമായ ക്രിസ്തുസ്നേഹത്താല്‍ ആശ്വസിപ്പിക്കു കയും അവരെ ദൈവത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുക എന്ന കടമയാണ് അന്നുമുതല്‍ ഇന്നുവരെ എം. എസ്. എം. ഐ. സന്യാസിനിമാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ലക്ഷ്യ സാധ്യത്തിനായി ഇടവക പ്രേഷിതത്വം, വചനപ്രഘോഷണം, ജീവകാരുണ്യപ്രവര്‍ത്തനം, മിഷന് പ്രവര്‍ത്തനം, ആതുര സേവനം, വിദ്യാഭ്യാസം, സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ എന്നിവയാണ് ശുശ്രൂഷ മേഖലകളായി തിരഞ്ഞെടുത്തിരിക്കുന്നത്. സന്യാസത്തിന്റെ മുഖമുദ്രയായി കണക്കാക്കുന്ന വലിയ വലിയ സ്ഥാപനങ്ങളെക്കുറിച്ചുള്ള സ്ഥാപകന്റെ ഉള്‍ക്കാഴ്ച ഇതാണ്. ‘ഓരോ കുടുംബവും ആണ് നിങ്ങളുടെ സ്ഥാപനങ്ങള്‍. അതുകൊണ്ട് വലിയ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധവയ്ക്കാതെ അത്യാവശ്യ ഇടങ്ങളില്‍ മാത്രം ചെറിയ സ്ഥാപനങ്ങള്‍ ആരംഭിക്കുക’. സ്ഥാപക പിതാവിന്റെ നിര്‍ദ്ദേശം കൃത്യമായി പാലിക്കുന്നതിന് ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്.
കേരളത്തില്‍ കുളത്തുവയല്‍ എന്ന ഗ്രാമത്തില്‍ ആരംഭിച്ച ഈ സന്യാസിനീ സമൂഹം ഇന്ന് ഭാരതത്തിനകത്തും പുറത്തുമായി ഇതിന്റെ സേവന മേഖല വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരംഭം കുറിച്ച കുളത്തുവയലില്‍ തന്നെയാണ് ഈ സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ്. ബഹു. വര്‍ക്കിയച്ചന്റെ ആദ്ധ്യാത്മിക ദര്‍ശനങ്ങളോടും ജീവിത വീക്ഷണങ്ങളോടും അങ്ങേയറ്റം നീതി പുലര്‍ത്തുന്ന എണ്ണൂറിലധികം സിസ്റ്റേഴ്സ് താമരശ്ശേരി, തലശ്ശേരി, മാനന്തവാടി, ഛാന്ദാ എന്നീ നാലു പ്രാവിന്സുകളിലായി സേവനം ചെയ്യുന്നു. ദൈവകാരുണ്യത്തിന്റെ തണലില്‍ ജീവിച്ച ബഹു. വര്ക്കിയച്ചന് പറഞ്ഞുതന്നതും ജീവിച്ച് കാണിച്ചതും ദിവ്യകാരുണ്യ സ്നേഹമായിരുന്നു. പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സാഹസികതയും
ധീരതയും പ്രകടമാക്കിയ വര്ക്കിയച്ചന് തന്റെ ആത്മീയ സന്താനങ്ങളെയും അത്തരത്തിലൂള്ള സാഹസികതയ്ക്കും ധീരതയ്ക്കും പ്രേരിപ്പിച്ചിരുന്നു. അത്, കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ച് ആത്മീയ ജീവിതത്തെ രൂപപ്പെടുത്തി സേവന മേഖലകളെ കണ്ടെത്തുവാനും കരുപ്പിടിപ്പിക്കുവാനും സഭാ സമൂഹത്തിന് ഇന്നും പ്രേരണയാകുന്നു.
എം. എസ്. എം. ഐ. സന്യാസിനീ സമൂഹത്തിന്റെ വളര്‍ച്ചയില്‍ അതീവ തല്പര നായ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ദീര്‍ഘവീക്ഷണം വര്‍ക്കിയച്ചനെ 1973-ല്‍ വീണ്ടും കുളത്തുവയലില്‍ എത്തിച്ചു. ഈ സമൂഹത്തിന്റെ ശൈശവാവസ്ഥയില്‍ അച്ചന്റെ മുഴുവന്‍സമയ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് അഭിവന്ദ്യ പിതാവ് മനസ്സിലാക്കി. കുളത്തുവയലിലേക്കുള്ള അച്ചന്റെ ഈ രണ്ടാം വരവ് ദൈവജനത്തിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
എസ്. എസ്. എല്‍. സിക്കു ശേഷം ഉന്നത പഠ ന ത്തി നായി കോളേജുകള്‍ വിദൂരമായിരുന്ന 1970-കളില്‍ വര്ക്കിയച്ചന് ആരംഭിച്ചതാണ് നിര്‍മ്മല കോളേജ് കുളത്തുവയല്‍. ചെമ്പ്ര ടൗണില്‍ ഒരു സ്വകാര്യ വ്യക്തി നടത്തിയിരുന്ന ടൂട്ടോറിയല്‍ കോളേജ് അച്ചന് വാങ്ങി അടിസ്ഥാന സൗകര്യങ്ങളോടുകൂടി പ്രഗദ്ഭരായ അധ്യാപകരെ നിയമിച്ച് എം. എസ്. എം. ഐ. ജനറലേറ്റിന് അടുത്ത് ആരംഭിച്ചു. അന്നാളുകളില്‍ പാഠ്യപാഠ്യേതര മേഖലകളില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന മികവിന്റെ പര്യായമായിരുന്ന ഈ സ്ഥാപനത്തില്‍ നിന്ന് അനേകം യുവതീയുവാക്കള്‍ ജീവിത ത്തില്‍ അഭിവൃദ്ധിനേടി. വളരെ ഉന്നത നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മലാ കോളേജ് വേറെ നിരവധി കോളേജുകള്‍ ചുറ്റുപാടും ആരംഭിച്ചതിനാലും ഒരു ധ്യാനകേന്ദ്രത്തിന്റെ ആവശ്യം ഇക്കാലഘട്ടത്തില്‍ തിരിച്ചറിഞ്ഞതിനാലും നിര്‍മ്മല കോളേജ് നിര്‍മ്മല ധ്യാനകേന്ദ്രം (NRC) ആയി രൂപാന്തരപ്പെട്ടു.
കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ആദ്യകാലഘട്ടത്തില്‍ തന്നെ അതിന്റെ നേതൃത്വനിരയില്‍ നിന്ന വ്യക്തിയാണ് ബഹു. വര്ക്കിയച്ചന്. തിരുസഭയുടെ പാരമ്പര്യങ്ങളും പ്രബോധനങ്ങളും നഷ്ടപ്പെടുത്താതെയുള്ള കരിസ്മാറ്റിക് പ്രഘോഷണരീതിയായിരുന്നു വര്ക്കിയച്ചന്റേത്. എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിട്ടപ്പോഴും തളരാതെ ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ടു പോയ വ്യക്തിത്വം! സാധാരണക്കാരെ എത്രയധികം പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തു എന്നതിന് കേരളസഭയിലെ ഇന്നത്തെ അല്മായ മുന്നേറ്റം തന്നെ സാക്ഷി.
ശാലോം ഗ്രൂപ്പുകളുടെ ആത്മീയ പിതാവായി ബഹു. വര്ക്കിയച്ചന് മാറിയതിന് പിന്നിലും അല്മായരോടുള്ള ഈ സ്നേഹം മാത്ര മാണ്. ബഹു. വര്‍ക്കിയച്ചന്റെ പ്രോത്സാഹനമോ ദൈവിക സന്ദേശമോ ഇല്ലായിരുന്നുവെങ്കില്‍ ശാലോം ശുശ്രൂഷകള്‍ തന്നെ പിറവിയെടുക്കുമായിരുന്നില്ല എന്ന് ഷെവ. ബെന്നി പുന്നത്തറ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ദൈവിക സന്ദേശങ്ങള്‍ വിവേചിച്ചറിഞ്ഞ് തീര്‍പ്പ് കല്പിച്ചിരുന്നതും ബഹു. വര്‍ക്കി അച്ചനായിരുന്നു. ശാലോം ടെലിവിഷന്‍ ആദ്യ സംഭാവന നല്കിയതും അച്ചന് തന്നെ!
“ദൈവത്തില്‍ ആശ്രയിക്കുക, കര്‍ത്താവ് പറയുന്നതുപോലെ ചെയ്യുക” അതായിരുന്നു അച്ചന്റെ ജീവിത ശൈലി!. ദീര്‍ഘനേരം സക്രാരിയിലേക്ക് നോക്കിയിരിക്കുന്ന അച്ചനെ ആദരവോടെ കണ്ടവര്‍ അനവധിയാണ്. അത്ര മേല്‍ ആകര്‍ഷണം വര്ക്കിയച്ചന് കര്ത്താവിനോടുണ്ട്. എത്ര നിസാരവും വലുതുമായ കാര്യങ്ങളില്‍ പോലും ഈശോയോട് ആലോചന ചോദിച്ച് മാത്രമാണ് തീരുമാനങ്ങളെടുത്തിരുന്നത്. ആ തീരുമാനങ്ങളൊക്കെയും ശരിയായിരുന്നുവെന്ന് കാലവും ജീവിതവും തെളിയിച്ചു. വര്‍ക്കിയച്ചന്റെ പൗരോഹിത്യ വജ്ര ജൂബിലി ദിനത്തില്‍ അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പി ള്ളി പിതാവ് മോണ്‍സിഞ്ഞോര്‍ പദവി നല്കി അച്ചനെ തിരുസഭയുടെ ആദരവും അംഗീകാരവും അറിയിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും ശാരിരിക അസ്വസ്ഥതകളും അലട്ടിയപ്പോഴും വചനം പ്രഘോഷിക്കുവാന്‍ കൊതിയാണന്ന് അച്ചന് പറയാറുണ്ടായിരുന്നു. ഒരിക്കല്‍ അച്ചനെ രോഗകിടക്കയില്‍ ശുശ്രിച്ചിരുന്ന പോള്‍സണ്‍ അച്ചനോട് ബൈബിളിലെ ഒരു സംശയം ചോദിക്കുകയുണ്ടായി അപ്പോള്‍ അച്ചന് പറഞ്ഞു “നീ എന്നും ഇങ്ങനെ ഓരോ സംശയങ്ങള്‍ ചോദിച്ചാല്‍ എനിക്ക് എല്ലാ ദിവസവും ഒരാളോടെങ്കിലും വചനം പ്രഘോഷിക്കുവാനാകും എന്ന്”. പരി. അമ്മയുടെ ഭക്തനായ വര്‍ക്കിയച്ചന്റെ കൈകളില്‍ നിന്ന് ജപമാല ഒഴിഞ്ഞിരുന്നില്ല. ശയ്യാവലംബനാകുന്നതുവരേയും ദിവ്യബലിയര്‍പ്പിച്ചു.
വര്ക്കിയച്ചന് എന്ന ദൈവസ്നേഹത്തിന്റെ മനുഷ്യരൂപം തിരുസഭയില്‍ കൊളുത്തിവച്ച വിളക്കാണ് എം. എസ്.എം. ഐ. സന്യാസിനീ സമൂഹം. ഇതിന്റെ പ്രകാശം മലബാറില്‍ മാത്രമല്ല ലോകം മുഴുവന്‍ വെളിച്ചമായി പടരണമെന്നാണ് സമൂഹത്തിന്റെ സ്വപ്നവും ലക്ഷ്യവും. ഭവന കേന്ദ്രീകൃതമായ പ്രേഷിത പ്രവര്‍ത്തനമാണ് ബഹു. അച്ചന് വിഭാവനം ചെയ്യുന്നതും ഞങ്ങളെ പരിശീലിപ്പിച്ചതും. ഉദാ: അച്ചന് ദാനമായി ലഭിച്ചിരുന്ന വലുതും ചെറുതുമായ സാമ്പത്തിക സഹായങ്ങള്‍ ശാഖാഭവനങ്ങള്‍ വഴി അര്ഹതപെട്ടവരെ കണ്ടെത്തി വിതരണം ചെയ്തു പോന്നു. ചിലപ്പോള്‍ അച്ചന് കൃത്യമായി നിര്‍ദ്ദേശിക്കും: ഇത്ര തുക അരി വാങ്ങിക്കുവാന്‍ കൊടുക്കുക, ഇത്ര തുക ചികിത്സയ്ക്ക്, ഇത്രയും വിദ്യാഭ്യാസത്തിന്, വിവാഹാവശ്യത്തിന് ഇത്ര. ഇങ്ങനെ ദാതാവിന്റെ നിയോഗമനുസരിച്ച് ആവശ്യക്കാര്‍ക്ക് സഹായം നല്‍കിയിരുന്നു. ജൂബിലി, ഫീസ്റ്റ് തുടങ്ങിയ ആഘോഷങ്ങള്‍ ലളിത മാക്കുന്നതിനും ജനങ്ങള്‍ക്ക് ഉപകാര പ്രദമായ വിധം സാമ്പത്തിക സഹായം ചെയ്യുവാനും അച്ചന് എന്നും ശാഠ്യം പിടിച്ചിരുന്നു. വൃദ്ധസദനങ്ങളിലും പാവപ്പെട്ട വീടുകളിലും പണമായും വസ്ത്ര മായും ഭക്ഷണമായും അച്ചന്റെ കരങ്ങള്‍ എത്തുന്നത് കണ്ട് വളര്‍ന്നവരാണ് എം. എസ്. എം. ഐ. സമൂഹം. അതിനാല്‍ തന്നെ ബഹു. അച്ചന് പരിശീലിപ്പിച്ച പാഠങ്ങള്‍ തുടരുകയാണ് ഞങ്ങള്‍. അച്ചന്റെ ജന്മദിനത്തിന്റെ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന ഈ വര്‍ഷം ഒന്നേകാല്‍ കോടിയിലധികം രൂപ പാവപ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് മാത്രമായി നല്കുവാന് എം. എസ്. എം. ഐ. സമൂഹത്തിന് തരുമാനിച്ചു. കൂടാതെ ഭവന നിര്‍മ്മാണത്തിന് സ്വന്തമായി ഭൂമി ഇല്ലാത്ത ഏതാനും പേര്‍ക്ക് ഭൂമി ദാനമായി നല്കി. എടുത്തു പറഞ്ഞ് കണക്ക് കൂട്ടാവുന്ന തല്ല ഒന്നും എന്ന് തിരിച്ചറിയുന്നു. അച്ചന്റെ ആത്മീയതയെ ചാലിച്ചറിയുവാന് സഭാംഗങ്ങളെ സഹായിക്കുന്ന പല പുസ്തകങ്ങളും പ്രകാശനം ചെയ്യുവാന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്.
അടുത്തു നില്‍ക്കുമ്പോഴും അകലെ നില്‍ക്കുമ്പോഴും അത് ഒരു ദിനമായാലും നൂറു ദിനമായാലും ഒരേ മുഖവും പ്രഭയുമുള്ള മനുഷ്യന് – അതായിരുന്നു മോണ്‍. സി. ജെ. വര്ക്കിയച്ചന്. മുപ്പത്തിയെട്ടുവര്‍ഷം ബഹു. അച്ചനെ അടുത്തറിയുവാന്‍ ഭാഗ്യം ലഭിച്ച ആളാണ് ഞാന്‍. ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലെ മധ്യസ്ഥന്‍, ഭൂമിയോടും സ്വര്ഗ്ഗത്തോടും ചങ്ങാത്തം കൂടുന്നവന് മനുഷ്യന്റെ സങ്കടങ്ങളോടും സ്വര്‍ഗ്ഗത്തിന്റെ ആനന്ദത്തോടുമൊക്കെ ചേര്‍ന്ന് നടന്നവന് അതാണ് വര്ക്കിയച്ചന് എന്ന പുരോഹിതന്. അതുതന്നെയാണ് വര്‍ക്കിയച്ചന്റെ ആത്മീയ ജീവിതത്തിന്റെ സാക്ഷ്യവും അച്ചന് ബാക്കിവച്ച് പോയതൊക്കെയും വ്യക്ത്ത മാക്കുന്നത്.
2009 ജൂണ്‍ 24-ന് മോണ്‍. സി. ജെ. വര്‍ക്കി ഓര്മ്മയായപ്പോള് ഒരു കാലഘട്ട ത്തിന്റെ പ്രവാചകന് നഷ്ടമായി. പക്ഷേ അദ്ദേഹം കൊളുത്തിയ ദീപത്തില്‍ നിന്ന് ആയിരങ്ങള്‍ പുതുവെളിച്ചം തെളിയിക്കുന്നു. അച്ചന്റെ കബറിടത്തില്‍ അനേകര്‍ മുട്ടുകുത്തുന്നു. ഹൃദയഭാരങ്ങള്‍ ഇറക്കി വയ്ക്കുന്നു. സൗഖ്യം നേടുന്നു. അനതിവിദൂരഭാവിയില്‍ സ്വര്‍ഗ്ഗത്തിലെ അനേകം വിശുദ്ധരോടൊപ്പം വര്ക്കിയച്ചനെയും ചേര്‍ത്ത് വച്ച് അള്‍ത്താര വണക്കത്തിലേയ്ക്കുയര്ത്തണമെയെന്ന് പ്രാര്‍ത്ഥിക്കുന്നു.